Monday, August 27, 2012

മലയാളവും മലയാളിയും

മലയാളിയുടെ കേരളീയമായ വ്യവഹാരങ്ങളെല്ലാം മലയാളത്തിലാവണം. അതിന് സൌകര്യമുണ്ടാവണം. ഏതൊരു ജനതയുടെയും മാതൃഭാഷാപരമായ പ്രാഥമികാവശ്യമാണത്.

എന്നാൽ നാം മലയാളികൾ ചെയ്യുന്നതെന്താണ്? അപേക്ഷാഫറങ്ങളുടെ, എ.ടി.എം. പോലുള്ള ആധുനികവ്യവഹാരങ്ങളുടെ കാര്യമെടുക്കുക. പലതിലും മലയാളമുണ്ട്. പക്ഷേ മലയാളിക്ക് അത് വേണ്ട! മിക്കവാറും എല്ലാവരും ഇംഗ്ലീഷിനെത്തേടിപ്പോകുന്നു.

മലയാളിക്ക് എന്നാണ് ആത്മാഭിമാനമുണ്ടാവുക????

ഓണം വന്നോ?
വരട്ടെ.
എങ്ങനെയാവും ഇത്തവണത്തെ വരവ്?
സുഖസ്മൃതികളോടൊപ്പം ഏറെ ദു:ഖസ്മരണകളും തന്നിട്ടുണ്ട് ഓണം.
ഈ പ്രാവശ്യം ഓണം ഓണമാവട്ടെ.

എന്തായാലും ഞാൻ ബംഗളൂരുവിലേക്ക്.

Sunday, August 26, 2012

ഓണസംസ്ക്കാരം

ഓണം പ്രധാനമായും കുട്ടികളുടേതണ്; ആവണം.
എന്നാൽ ഇന്ന് ഓണം കൊണ്ടാടുന്നതിലൂടെ നമ്മുടെ കുട്ടികൾക്ക് എന്താണ് നാം പകർന്നുനൽകുന്നത്?
 സത്ത നഷ്ടപ്പെട്ട് കമ്പോളവും ആർഭാടവും മത്സരവുമായിമാറിയ നമ്മുടെ ഈ ഓണത്തിലൂടെ വളരെ തെറ്റായ സന്ദേശമാണ് നമ്മുടെ കുട്ടികൾക്ക് നാം പകരുക. നല്ലൊരു നാളെ എന്നും നല്ലൊരു മനുഷ്യനെന്നുമുള്ള സങ്കല്പത്തിനുപകരം ആർത്തിയുടെയും മാത്സര്യത്തിന്റെയും ത്വര. നാം ഈ കുട്ടികളിലൂടെ രൂപം നൽകുന്ന നാളെയെക്കുറിച്ച് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
ഇനി നാം രൂപപ്പെടുത്തേണ്ടത് ശരിയായ ഒരു ഓണസംസ്ക്കാരമാണ്.

Saturday, August 25, 2012

മാനുഷരെല്ലാരും

അരവയർ പട്ടിണിപെട്ട തൊഴിലെടുക്കുന്നവർ നിറവയറും ഉല്ലാസവും തികഞ്ഞ പുതിയ ജീവിതത്തിനുവേണ്ടി തോറ്റിയെടുത്ത സ്വപ്നമാണ് ഓണം.
മാനുഷരെല്ലാരുമൊന്നാവട്ടെ.
എല്ലാവരും പണിയെടുത്ത്, എല്ലാവരും അതിന്റെ ഫലമനുഭവിച്ച്, എല്ലാവരും ഒത്തുകൂടി...........

Friday, August 24, 2012

അർഥത്തിന് പുതിയ ഒരർഥം


ഓണം കേരളത്തിന്റെ ദേശീയോത്സവം. നമ്മൾ ഇത് എപ്പോഴും ആവർത്തിച്ച് പറയുകയും നാമുൾപ്പെടെ എല്ലാറ്റിനെയും കമ്പോളത്തിന്` പണയം വയ്ക്കുകയും ചെയ്യുന്നു.
ദേശീയത ദേശത്തിനുള്ളിൽ ഒതുങ്ങുന്നില്ല. ഓണം ഇന്ന് മറുനാടുകളിലാണ് ആവേശ മായിപ്പടരുന്നത്.
കേരളീയതയെന്നതിന് ഇന്ന് അർഥമെന്താണ്?
ഓണത്തിനും നാം പുതിയ അർഥം നൽകേണ്ടിയിരിക്കുന്നു.
അർഥത്തിന് പുതിയ ഒരർഥം.

Thursday, August 23, 2012

ഓണത്തുമ്പ

ഒരു ജീവിതകാലം മുഴുവനും പ്രയത്നിച്ച് അതിലൂടെ വാറ്റിയെടുത്തതാണ് തുമ്പപ്പൂവിന്റെ വെണ്മ. ഓണത്തിന് തുമ്പയെക്കാൾ മികച്ചൊരു പ്രതീകമില്ല. ഓണത്തോടെ
ഓരോ മനസ്സും ജീവിതവും തുമ്പപ്പൂവ് പോലെ തെളിമയും എളിമയും കൈവരിക്കട്ടെ.

Tuesday, August 21, 2012

പൊന്നിൻ ചിങ്ങം കള്ളക്കർക്കിടകമാവുമോ?


കർക്കിടകത്തിന്റെ കാറും കോളും വറുതിയും കഴിഞ്ഞ് പ്രകൃതിയും മനസ്സും തെളിയുന്ന സമയമാണ് ചിങ്ങം.കാലവർഷക്ഷോഭം മാറി കടൽ തെളിയുന്ന ഈ കാലത്തായിരുന്നത്രേ വിദേശക്കപ്പലുകൾ കേരളീയവിഭവങ്ങൾക്കായി പൊന്നും പണവുമായി ഇവിടെയെത്തിയിരുന്നത്. അങ്ങനെ ചിങ്ങം എല്ലാംകൊണ്ടും പൊന്നിൻ ചിങ്ങമായി.
കാലം മാറി. കർക്കിടകത്തിന്റെ കാറും കോളും കാണാനേയില്ല. എല്ലാവരും മാനംനോക്കികളായി. മാനമൊന്ന് കറുത്തിരുന്നെങ്കിൽ, ഒരു മഴ വന്നിരുന്നെങ്കിൽ എന്ന് ആരും കൊതിക്കുന്ന കാലം.
എല്ലാം കീഴ്മേൽ മറിയുന്നു. പൊന്നിൻ ചിങ്ങം ഇനി കള്ളക്കർക്കിടകമാവുമോ?
മനസ്സുകൾക്കുവന്ന കീഴ്മേൽമറിയൽ പോലെ?

Monday, August 20, 2012

ഓണം ദേശീയോത്സവം


ഓണം ദേശീയോത്സവം
മുഴുവൻ കേരളീയരെയും ഒരുമിപ്പിക്കാൻ കഴിയുന്നതാവണം ഓണം. പ്രകൃതിയും മനുഷ്യനും, പൂക്കളും മനസ്സും,  മനസ്സുകളും മനസ്സുകളും ഒരുമിക്കുന്ന അവസരം.
ഓണം മാത്രമല്ല, നമ്മുടെ എല്ലാ ഉത്സവങ്ങളും ഇങ്ങനെ മനസ്സുകളുടെ പുഷ്പകാലമായിത്തീരണം. അതിന് ഉത്സവങ്ങൾ മനുഷ്യരുടേതാവണം.
മതങ്ങളിൽ നിന്ന് അവ മുക്തമാവണം. മതങ്ങൾ ഇന്ന് കൊണ്ടാടുന്ന എല്ലാ ഉത്സവങ്ങളും ചരിത്രപരമായി പ്രകൃതിയുടെ, കാലത്തിന്റെ, ദേശത്തിന്റെ ഉത്സവങ്ങളാണ്. അവയെ തിരിച്ചെടുക്കണം.
അപ്പോഴാണ് ഓണം ദേശീയോത്സവമാകുക.

Sunday, August 19, 2012

ഓണം വരുന്നു


ഓണം വരുന്നു.
പ്രകൃതിയിലും മനസ്സിലും.
ഇത് മനുഷ്യരുടെയും പ്രകൃതിയുടെയും ഓണമാകട്ടേ.
കമ്പോളത്തിന്റെയും വെറും ചടങ്ങുകളുടെയുമല്ലാതെ.

Saturday, August 18, 2012

ദൈവകൃപ

ദൈവകൃപയാൽ ഉരുൾപൊട്ടൽ പകലായെന്ന് ജോസഫ് വാഴയ്ക്കൻ എം.എൽ.എ.
ശരിയാണ്; അത് രാത്രിയായെങ്കിൽ മരണം പല മടങ്ങായേനെ.
പകൽ തന്നെ ഈ ദുരന്തം നമുക്കുതന്ന ദൈവത്തിന് സ്തുതി പാടാതിരിക്കുന്നതെങ്ങനെ?