Monday, February 25, 2013

പൊങ്കാലമാഹാത്മ്യം


നാളെ ആറ്റുകാൽ പൊങ്കാല.
ദിവസങ്ങൾക്കുമുന്നേതന്നെ തിരുവനന്തപുരത്തെ ജനങ്ങൾക്ക് കഷ്ടപ്പാട് തുടങ്ങി. തെരുവോരങ്ങളും പാതകളും ഭക്തജനങ്ങൾ കൈയേറി. ദിവസങ്ങളായി ശബ്ദകോലാഹലം കൊണ്ട് സ്വൈരജീവിതം അസാധ്യമായി. പ്രതികരിക്കാനാരുമില്ല. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ഒരു കാലത്ത് വളരെ ശക്തമായി പ്രതികരിച്ചിരുന്ന കേരള സമൂഹമനസ്സ് നമുക്ക് നഷ്ടമായി.
ഏതായാലും ആറ്റുകാലമ്മ തന്നെയാണ് പ്രതികരിച്ചത്.
അമ്മ കനിഞ്ഞ് ഇന്ന് വൈകിട്ട് തന്നെ കൃത്യമായി തിരുവനന്തപുരത്ത് മൂന്നിടത്ത് പൈപ്പ് പൊട്ടി. നഗരത്തിൽ ജലവിതരണം മുടങ്ങി!
ഏതായാലും ആറ്റുകാലമ്മയുടെ രക്ഷയ്ക്കെത്തുമെന്ന് ജില്ലാ കളക്റ്റർ പ്രഖ്യാപിച്ചുകഴിഞ്ഞു! ആറ്റുകാലിൽ എല്ലായിടത്തും കുടിവെള്ളമെത്തിക്കുമെന്നുറപ്പ്.
പക്ഷേ, ഇതുകൊണ്ടൊന്നും ആർക്കെങ്കിലും തെല്ല് വെളിവുണ്ടാവുമെന്ന് കരുതേണ്ടതില്ല!

Sunday, February 24, 2013

ചിന്നംവിളി



                      ചിന്നം വിളി
ആന വരുന്നേ, ആനവരുന്നേ
അമ്പാരിയുണ്ടേ
ആനപ്പുറത്തൊരു ദേവനുമുണ്ടേ,
പൊന്നാലിലക്കുടയുണ്ടേ.
ചെണ്ട, തിമില,യിടയ്ക്ക, മദ്ദളം
പഞ്ചാരിയുണ്ടേ
കോലും കൊമ്പും കുഴലും വിളിയായ്
ഭൂതഗണങ്ങളുണ്ടേ
ആർപ്പോ ഈർറോ കൂട്ടാൻ വമ്പെഴും
നാട്ടുകൂട്ടങ്ങളുണ്ടേ
നാട്ടിലെപ്പെണ്ണുങ്ങൾ, പൈതങ്ങ,ളുത്സാഹ –
ച്ചാർത്തിതാ കൂടെയുണ്ടേ.
ആന വരുന്നേ, ആനവരുന്നേ
അമ്പാരിയുണ്ടേ
ആനപ്പുറത്തൊരു ദേവനുമു,ണ്ടത്
ഞാനാണ് ,ഞാൻ, ഞാൻ, ഞാൻ!
മേളപ്പെരുക്കവുമാർത്തുവിളികളു –
മെന്റെയോങ്കാരമല്ലോ.
ആനയും ദേവനും ഞാനുമുലകവു -
മൊന്നുതാ,നുത്സവം താൻ.
ഉത്സമേളം തിമിർത്തതിൽ മൂവുല –
കൊക്കെയും നർത്തനമായ്;
ആന വരുന്നേ, ആനവരുന്നേ
അമ്പാരിയുണ്ടേ.

തീവെട്ടിത്തീ പടർന്നാക്രാന്തചിത്തനായ്
ആനയുലഞ്ഞുവല്ലോ;

ആനയിടഞ്ഞല്ലോ, ചിന്നംവിളിയിൽ
കോവിൽ വിറകൊള്ളുന്നേ
കോലും കൊമ്പും തീവെട്ടിയുമായി –
ട്ടാളുകളോടുന്നേ
ഇടംകാലടിയിൽപ്പിടഞ്ഞ പാപ്പാന്റെ
വിളിപോലും പൊങ്ങീല്ല,
വലംകാലടിയിലമർന്ന പൂജാരിയെ
ഭഗവാനും കണ്ടില്ല,
കൊമ്പിൽക്കോർത്ത ജഡവുമായ് വമ്പൻ
അമ്പലം ചുറ്റുന്നേ
ആനയിടഞ്ഞിട്ടാളുമെതിച്ചി –
ട്ടാകെയും ചോരക്കളം.
നാട്ടിലെപ്പെണ്ണുങ്ങൾ, പൈതങ്ങൾ, പൂരുഷ –
രാർത്തലച്ചോടുന്നേ
നാട്ടുകൂട്ടങ്ങളും ഭൂതഗണങ്ങളു –
മൊപ്പാരം കൂട്ടുന്നേ
ആന വരുന്നേ, ആനവരുന്നേ
നാട് മുടിഞ്ഞുവല്ലോ
ആനയും ദേവനും ഞാനുമോങ്കാരവും
നാലായ്ത്തെറിച്ചുവല്ലോ
നാടിന്റെ മിഥ്യയിൽ കാടിന്റെ സത്യങ്ങൾ
വീണുചിതറുമ്പോൾ
ആനയെയാനയായ്, കാടിനെ കാടായി
നാടിനെ നാടായി,
നമ്മളെ നമ്മളായ്ക്കാണുമോങ്കാരമായ്
ചിന്നം വിളിയുയർന്നൂ.

Wednesday, February 20, 2013

നരനും നാരിയുമൊരു പൂനിര


നരനും നാരിയുമൊരു പൂനിര

ഒരു നവ മാനവസംസ്ക്കാരത്തിന്
വരവേൽക്കാനണി ചേരുക നാം
രു നവ ജീവിതവീഥിയൊരുക്കും
ലയവും താളവുമാവുക നാം.
അബലകളല്ല, ദേവികളല്ല
അടിമകള,ല്ലഭിമാനികൾ നാം
പണിചെയ്യുന്നവർ, പാടുപെടുന്നവർ
പുതു പുലരിക്കണി വയ്പ്പവർ നാം
നരജീവിതമൊരു കലയായ് മാറും
പുലരിയെ സ്വപ്നം കാണ്മവർ നാം
നരനും നാരിയുമൊരു പൂനിര പോൽ
പുലരും നാളെയൊരുക്കും നാം.
നമ്മുടെ ചുവടുകൾ വർഗീയത തൻ
നെഞ്ചിൽ താണ്ഡവമാടട്ടെ
നമ്മുടെ പാട്ടുകൾ മർദിതമോചന –
സംഗരഗീതികളാവട്ടെ.
നമ്മളുതിർക്കും വാക്കുകൾ നാടിൻ
ചങ്ങല പൊട്ടിച്ചെറിയട്ടെ
നമ്മളൊരുക്കും കേളികൾ മാനവ –
കർമ്മസുമങ്ങൾ വിടർത്തട്ടെ –നവയുഗ-
ധർമ്മസുമങ്ങൾ വിടർത്തട്ടെ.                           *

Sunday, February 17, 2013

വീടിന്റെ വിളി *

             വീടിനെ വിളി
             (വിനയചന്ദ്രന്)
       എസ്. രാജശേഖരൻ

വീട്ടിലേക്കെന്നു വരും നീ? വിളിക്കുന്നു
കൂട്ടുകാർ, കണ്ണിൻ കയങ്ങൾ കലമ്പുന്നു
നാട്ടിലെപ്പാട്ടുകാർ കൂട്ടമിട്ടാർക്കുന്നു,
കൂട്ടുകാരാ, നിന്റെ ചൊൽപ്പാട്ടുമായ് വരൂ.
നിൻ നേരവകാശികൾ, പറന്നെത്തുവോർ,
നിന്റെ വേഗങ്ങളെ സൗന്ദര്യമാക്കുവോർ
പ്രാവും പരുന്തും വയലിലെ കൊറ്റിയും
നാട്ടുമാവിൽ കൂടു കൂട്ടിയ കാക്കയും
തമ്മിൽക്കലമ്പും വയൽക്കിളി, മൈനയും
തുഞ്ചന്റെ തേന്മൊഴി കൊഞ്ചുന്ന തത്തയും
നിന്റെ വായ്ത്താരി കേട്ടുൾപ്പുളകത്തോടെ,
നിന്നോട് കിന്നാരമോതാൻ കൊതിയോടെ,
വന്നുചേർന്നൊന്നായ് വിളിക്കുന്നു, പിന്നെയും
പിന്നെയു,മാർത്തിരമ്പും തിരക്കാറ്റായി.
നാട്ടിലെയുത്സവമേളമായ്, പാട്ടിന്റെ
കാട്ടുകടന്നൽ വിളയിച്ച തേനായി
കൂട്ടുകാർ നിൻ പാട്ടിനാർപ്പുകൾ കൂട്ടുന്നു,
തേക്കുപാട്ടിന്റെ വായ്ത്താരികൾ പൊങ്ങുന്നു;
വീട്ടിൽ നിന്നെന്തേ ഇറങ്ങിനടന്നു നിൻ
തോറ്റവും ചിങ്ങനിലാവും കരച്ചിലും?
ഗോത്രങ്ങൾ തമ്മിൽ കലാപം, കുടിപ്പക
ക്ഷാത്രവൈരം, പെങ്ങളാങ്ങള ശത്രുത
ആൺപെൺ കലമ്പൽ, തെരുവിലെപ്പോരുകൾ
ക്ലാന്തമായ് വീണുറങ്ങുന്ന പ്രത്യാശകൾ-
വീട്ടിന്നകം പുറം വെന്തെരിയുന്നു, നിൻ
പാട്ടു പെയ്തെല്ലാമമർത്തിക്കെടുത്തുക.

കാടുകൾ, മേടുകൾ, പൂങ്കാവനങ്ങൾ,
രാപ്പാടികൾ ചേക്കേറുമേകാന്ത ഗഹ്വരം
കാറ്റ്, കടലും കവിതയായ് പാടുന്നു,
പൂക്കാമരങ്ങൾ കവിതയുലർത്തുന്നു
ഗംഗ, യമുന, കാവേരിയും പമ്പയും
കല്ലടയാറും കവിതകൾ മൂളുന്നു
എല്ലാം കവിതയായ്, കാടായി, നാടായി,
എല്ലാ കവിതയും തൻ പാർപ്പുവീടായി --
വീട്ടിൽ നിന്നല്ലോ വിളിക്കുന്നു നീ, ഞങ്ങൾ
കൂട്ടുകാരാ, നിന്റെ വീട്ടിലെപ്പാർപ്പുകാർ.
                                                                     *

Friday, February 15, 2013

ദൈവങ്ങൾ



             ദൈവങ്ങൾ

ആ വഴി വരണൊണ്ട് മാടനും മറുതയും
പോവല്ലേ തുമ്പീ പോവല്ലേ
ഈ വഴി വരണൊണ്ട് കാളിയും കൂളിയും
പോവല്ലേ തുമ്പീ പോവല്ലേ
പെരുവഴി ചേർന്നു നീ പോവല്ലേ തുമ്പീ-
യരുകിലീ നാട്ടാളർ പമ്മിയെത്തും
ഇടവഴി ചേർന്നു നീ പോവല്ലേ തുമ്പീ -
യിടയിൽ പരീശ്ന്മാർ ചാട്ട വീശും
ആറ്റിങ്കരയിൽ നടക്കല്ലേ തുമ്പീ
ആറ്റിലെ പോളകൾ കണ്ണുരുട്ടും
തോട്ടിൻ കടവിലിറങ്ങല്ലേ തുമ്പീ
തോട്ടിലെ മീനുകൾ പത്തി നീർത്തും
പാഠാലയത്തിൽ നീ പോവല്ലേ തുമ്പീ
പാഠന്മാർ നിൻ നേർക്ക് കണ്ണെറിയും
വീട്ടിലുറങ്ങാൻ കിടക്കല്ലേ തുമ്പീ
വീട്ടാളർ നിന്നെ മൊരിച്ചെടുക്കും
ആ വഴിയീവഴി നാട്ടിലും വ്വീട്ടിലും
മാടനും മറുതയും വാസമായീ
നാളേറെയായി നാം പോറ്റിയ ദൈവങ്ങൾ
പാപികളായ് തുള്ളി മുന്നിൽ നിൽപ്പൂ
കാളിയും കൂളിയും നമ്മളായ്, കാവുകൾ
കാടായെരിയുന്നു കൊച്ചുതുമ്പീ.

Saturday, February 9, 2013

അർഥം

അർഥം
ഈച്ചകൾ ഇണചേരുമ്പോൾ
ആണീച്ച
ചിറകുകൾ വിടർത്തി വിടർത്തി
വീശിവീശിയങ്ങനെ നിൽക്കും.
വിടർത്തലിന്റെ കേമത്തത്തിന്നടിയിൽ
ലോകം മുഴുവൻ തനിക്കധീനമായി
അമർന്നൊതുങ്ങിയെന്ന്
അവന്റെ അഹങ്കാരം തലയുയർത്തി നിൽക്കും.
പെണ്ണീച്ച വിറയ്ക്കുന്നത്
വീശലിന്റെ കുളിർമ്മ പെയ്ത
പുളകോദ്ഗമത്തിൽ കുളിച്ചതിനാലാണെന്ന്
അവൻ ആമോദിക്കും.
മനോലോകങ്ങളിലേക്കെത്തിനോക്കാതെ
എല്ല്ലാം ഞെരിച്ചുതകർക്കപ്പെട്ട
അവളുടെ ഉൾക്കിടിലം
പക്ഷേ ആരുമറിയില്ല.
വിജയിയെന്നുലർന്ന്
പുതിയ വ്യോമങ്ങളിലേക്ക്
അവൻ പറന്നുയരുമ്പോഴും,
മഥിക്കപ്പെട്ട പെണ്മ
അർഥമറിയാനാവാതെ
കണ്ണീർ വാർത്തുകൊണ്ടേയിരിക്കും.
സൂര്യനെല്ലിപ്പെൺകുട്ടി ബാലവേശ്യയാണെന്ന് ജസ്റ്റിസ് ബസന്തിന്റെ കണ്ടുപിടുത്തം!

 ബസന്തിനെയും ഗഫൂറിനെയും മറ്റും എന്തിന് പറയുന്നു?
നമ്മുടെ മുഖ്യന്റെ വാക്കുകൾ കേട്ടില്ലേ?
ബസന്തിനെക്കുറിച്ച് പത്രക്കാരോട് പറഞ്ഞതാണ്. ‘ആരെക്കുറിച്ചും
മോശമായിട്ടൊന്നും പറയില്ല‘ത്രേ!
നല്ലതും തീയതും, ന്യായവും അന്യായവും
തിരിച്ചുകാണാനാവത്ത, അങ്ങനെയൊരു ബൊമ്മ മുഖ്യമന്ത്രിക്കസേരയിലെന്തിന്?

‘മലയാളി എങ്ങോട്ട്’

കൂടുതൽ മെച്ചപ്പെട്ട സിനിമയെന്നപോലെ ഉന്നതമായ സംസ്ക്കാരവും ലക്ഷ്യം വച്ച്
ഉത്തമബോധ്യത്തോടെ, സാഹസികമായിത്തന്നെ പ്രവർത്തിക്കുന്ന കലാകാരനാണ്
കമലഹാസൻ. അദ്ദേഹത്തിന്റെ ‘വിശ്വരൂപം’ ഭരണരംഗത്തുനിന്നും ചില
ജനവിഭാഗങ്ങളിൽ നിന്നും നേരിടുന്ന വെല്ലിവിളി യഥാർഥത്തിൽ മാനവികത ഇന്ന്
നേരിടുന്ന വെല്ലുവിളിയുടെ സൂക്ഷ്മരൂപമാണ്. ഇങ്ങനെയുള്ള
വിദ്ധ്വംസകപ്രവർത്തനങ്ങൾക്ക് ഭരണംതന്നെ തുണയേകുന്നു വെന്നത് അങ്ങേയറ്റം
ആപത്കരവും.
അസഹിഷ്ണുതയും പരസ്പരവിദ്വേഷവും കപടമതാത്മകതയും വളർത്തിക്കൊണ്ട് നാം
പിന്നോട്ട് പിന്നോട്ട് പായുന്നതിന്റെ വേഗമാണ് കഴിഞ്ഞ രണ്ട്
പതിറ്റാണ്ടിലേറെയായി കാണേണ്ടി വരുന്നത്. എം.ടി.യുടെ നിർമ്മാല്യം സിനിമ,
ബഷീറിന്റെ വിശുദ്ധരോമം, ഒരു ഭഗവദ് ഗീതയും കുറെ മുലകളും തുടങ്ങിയ കഥകൾ
എന്നിവയെല്ലാം കലാസൃഷ്ടികളെന്ന നിലയിൽത്തന്നെ ഉൾക്കൊള്ളാൻ കഴിയുന്ന
മനസ്സ് നമുക്കുണ്ടായിരുന്നു. അതിന്റെയൊന്നും പേരിൽ ഒരു പൊല്ലാപ്പും
ഇവിടെയുണ്ടായില്ല. എന്നാൽ ആ നന്മകളെയെല്ലാം ആട്ടിയിറക്കി മനുഷ്യനെ
ഭ്രാന്തനാക്കാനുള്ള ശ്രമമാണ് ഇന്ന് വ്യാപകമായി നടന്നുവരുന്നത്. അതിന്റെ
ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ് ഈ വിശ്വരൂപനിരോധനം.

ഇതുപോലുള്ള വിഷയങ്ങൾ ഏതാണ്ട് ഒന്നര പതിറ്റാണ്ടുമുമ്പ് തന്നെ കലാകൗമുദി
കൈകാര്യം ചെയ്തിരുന്നത് ഇപ്പോൾ ഓർക്കുന്നു. മുകളിൽ  സൂചിപ്പിച്ച
കാര്യങ്ങളെത്തന്നെ മുൻനിർത്തി, ‘മലയാളി എങ്ങോട്ട്’ എന്നൊരു ലേഖനം ഞാൻ
കലാകൗമുദിയിൽ (1.8.1999) എഴുതിയിരുന്നു. (പിന്നീട് അത് ‘മലയാളിയുടെ
മലയാളം’ എന്ന കൃതിയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.) കാലങ്ങളേറെയായി
എത്രയൊക്കെ ആർത്തലച്ചുപറഞ്ഞിട്ടും ഗതി കൂടുതൽ കൂടുതൽ പിന്നോട്ടാണെന്നത്
നമ്മുടെസാംസ്ക്കാരികപ്രവർത്തകരും ലക്ഷ്യബോധമുള്ള രാഷ്ട്രീയക്കാരും
ഇനിയെങ്കിലും ഗൗരവമായെടുക്കേണ്ടിയിരിക്കുന്നു.

          
94472 46652
drrajanonline@gmail.com
http://pakalirangumpol.blogspot.com


Saturday, February 2, 2013

അടിമ, ഉടമ, സമത

‘....... താഴ്മയായി അപേക്ഷിക്കുന്നു.....’
സൗമ്യ സംഭവം കഴിഞ്ഞ് രണ്ട് വർഷമായിട്ടും സ്ത്രീയാത്രക്കാരുടെ പ്രശ്നങ്ങളോട് അലംഭാവം പുലർത്തുന്ന റെയിൽ വെയ്ക്കെതിരെയുയർന്ന  ഒരു വനിതാവകാശപ്രവർത്തകയുടെ രോഷപ്രകടനത്തിന്റെയോ അന്ത്യ ശാസനത്തിന്റെയോ അവസാനഭാഗമായി ഒരു ചാനലിൽ കണ്ട/കേട്ട ഭാഗ മാണിത്.
‘.... പരിഹരിക്കണമെന്ന്  താഴ്മയായി അപേക്ഷിക്കുന്നു.....’
ഇത് ഒറ്റപ്പെട്ട സംഭവമല്ല..വിദ്യാർഥികൾ മുതൽ മുകളിലേക്ക് വിവിധതലങ്ങളിൽ നിന്ന് സമാനമായ നിവേദനങ്ങൾ വരുന്നത് ഒട്ടേറെ കണ്ടിട്ടുണ്ട്. ഒരു വില്ലേജ് ആപ്പീസറുടെ മുന്നിൽ ‘താഴ്മ’യാകാൻ ഒരു ജാള്യവുമില്ല നമുക്ക്!
ജനാധിപത്യമൊക്കെ പറയുമെങ്കിലും പഴയ അടിമമനോഭാവത്തിൽ നിന്ന് വിട്ടു പോരാൻ ഒട്ടും തയാറല്ല നമ്മൾ. ഈ അടിമത്തം ബ്യൂറോ ക്രസിയിൽ മാത്രമല്ല, പിതൃ പുത്ര, ഭാര്യാഭർത്തൃ, സ്ത്രീപുരുഷ ബന്ധ ങ്ങളിൽപ്പോലും നിലനിന്നുപോരുന്നു.  അത് വിട്ടുകളയാൻ ഇതിലെ അടിമയും ഉടമയും ഒരിക്കലും തയാറാവുന്നില്ല. ജനാധിപത്യനിർമ്മിതി യിലെന്നപോലെ വ്യക്തിബന്ധങ്ങളുടെ സ്വരൂപണത്തിലും ഇത് വലിയൊരു കടമ്പയാണ്.
ഇതിനെ നമ്മൾ ഇനി എന്ന് എങ്ങനെയാണ് മറികടക്കുക?