Tuesday, December 10, 2013

കറുപ്പ്

കറുപ്പ്
(നെൽസൺ മണ്ടേലയ്ക്ക്)

പുലരി വടക്കാണ് വിരിഞ്ഞത് 
പനിനീർപ്പൂ നിറമോടെ, 
മരം കോച്ചുന്ന ജാഡ്യത്തെയും
ഉരുകിത്തിളയ്ക്കുന്ന ക്രൌര്യത്തെയും
മന്ദോഷ്ണമാക്കി മാറ്റി,
കൽക്കരിയായി ഖനിയിൽ മുങ്ങുന്ന
മാലിന്യങ്ങളെ പൊന്നാക്കിയൂതിത്തെളിച്ച്,
പാടത്തെ പണിയാളരെയും
തെരുവിലെ പെണ്ണാളരെയും
സമ്രാട്ടില്ലാത്ത സാമ്രാജ്യത്തിന്റെ
അവകാശികളാക്കിയൊരുക്കി ……..
പുലരി വടക്കാണ് വിരിഞ്ഞത്.
ഉരുകിത്തുടങ്ങിയ പൊന്നിനെയും
കരിക്കട്ടയാക്കി
ഉരുകിത്തെളിഞ്ഞ മനസ്സുകളിലും
അവിശ്വാസത്തിന്റെ ചാമ്പൽ നിറച്ച്
വിരിപൌരുഷങ്ങളെയും
നിറഞ്ഞ പെണ്മകളെയും
പകയും ഭീതിയും കൊണ്ട് പുകയുന്ന
കൊള്ളികളാക്കി
മാനവത്വമഹാസാമ്രാജ്യത്തെ
ദുരയുടെ നീർപ്പോളകൾ പുളയുന്ന
എച്ചിൽക്കുളമാക്കി
സൌഭ്രാത്രത്തിനും സൌഹാർദ്ദത്തിനും
മാത്രം നീണ്ടിരുന്ന തുടുത്ത കൈകളെ
പിച്ചക്കൈകളായി നീട്ടിച്ചുകൊണ്ട്
എവിടെനിന്നോ
ഒളിഞ്ഞും പതുങ്ങിയും
വോഡ്കയിൽ നുരഞ്ഞും പെട്ടെന്നൊരിരുൾ വീണു
എല്ലാം അടങ്ങിയെന്ന
കുത്തിച്ചുടുവെട്ടിച്ചുടുകൾക്കിടയിലാണ്
പടിഞ്ഞാറ് സൂര്യനുദിച്ചത്.
കറുത്ത സൂര്യൻ.
കത്തിയെരിയുന്ന നട്ടുച്ചയുടെ തേജസ്സോടെ,
ഉരുകിത്തെളിച്ച കാരിരുമ്പിന്റെ കരുത്തോടെ,
വർണങ്ങളുടെ എല്ലാ കുടിയിരിപ്പുകളെയും
വിഴുങ്ങുന്ന ഗരിമയോടെ,
ചെറുതിലും ചെറുതും വലുതിലും വലുതുമായ
ഒരു കറുത്ത സൂര്യൻ.
പാതിരാകളിൽ വെളിച്ചമായി
ഇരവുകളെല്ലാം ഉണർവിന്റേതായിരിക്കണമെന്നോതുന്ന
കറുത്ത സൂര്യൻ
കറുപ്പിന്റെ സത്യത്തെയും സൌന്ദര്യത്തെയും
പുലർവെട്ടത്തിൽ കാട്ടുന്ന
ചിരിക്കുന്ന സൂര്യൻ.
ഏതിരുളിനും മറയ്ക്കാനരുതാത്തതിനുവേണ്ടി
കറുത്ത സൂര്യൻ
പകലുകളുടെ പഴുതുകൾക്കിടയിലൊളിക്കുന്ന
ഇരുളിന്റെ ലോകത്ത്
ഇനി സൂര്യന് നിറം മാറിയേ കഴിയൂ.
പകലുകൾക്ക് വർണമൌഢ്യങ്ങളുടെ തൊങ്ങലുകളഴിച്ച്
ഇനി പുതുതായേ പറ്റൂ.

(പകലിറങ്ങുമ്പോൾ എന്ന സമാഹാരത്തിലെ കവിത, 1994)